ഗാസിയാബാദ്: “എല്ലാവരും ക്ഷമിക്കണം, ഇപ്പോൾ പോകാനുള്ള സമയമായി” ചുറ്റുംകൂടിനിന്ന ഉറ്റബന്ധുക്കൾ വിതുന്പലോടെയാണ് ആ യാത്രാമൊഴി കേട്ടുനിന്നത്.
ഗാസിയാബാദിലെ വീട്ടിൽ 13 വർഷമായി നിശ്ചലനായി കിടന്നിരുന്ന ഹരീഷ് റാണ എന്ന 32കാരനെ ദയാവധം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡൽഹി എയിംസ് പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റുന്നതിനായിരുന്നു ഹൃദയഭേദകമായ യാത്രയയപ്പ്.
ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഹരീഷ് റാണയുടെ അമ്മ കിടക്കയിൽ തൊട്ടുചേർന്നു നിൽക്കുന്നത് കാണാം. ഒരു ബ്രഹ്മകുമാരി സന്യാസിനി ഹരീഷിന്റെ നെറ്റിയിൽ തൈലം പുരട്ടിയാണ് യാത്രാമൊഴി ഓതുന്നത്.
പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ ഹരീഷ് 2013 ഓഗസ്റ്റിലാണ് താമസിച്ചിരുന്ന വാടക കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റത്. അന്നുമുതല്‍ കിടപ്പിലാണ്.
ശരീരം അനക്കാന്‍ പോലും കഴിയാത്തവിധം നൂറു ശതമാനം വൈകല്യം ബാധിച്ചിരുന്നു. ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള നേരിയ സാധ്യതപോലും ഇല്ലായെന്നു സ്ഥിരീകരിച്ചതോടെ മനസില്ലാമനസോടെ കുടുംബം ദയാവധത്തിന് അനുമതി തേടുകയായിരുന്നു.
മകന് അന്തസോടെ മരിക്കാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ അശോക് റാണയാണ് നിയമപോരാട്ടം നടത്തിയത്. കോടതി അനുമതി ലഭിച്ചതോടെ ഗാസിയാബാദിൽനിന്നു ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ട്യൂബ് വഴി പോഷകവും മറ്റും നല്‍കിയിരുന്ന ജീവന്‍രക്ഷാസഹായം ഒഴിവാക്കിയാണ് ദയാവധം നടപ്പാക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു പൗരന് ദയാവധം അനുവദിക്കുന്നത്.